കലാ (ആർട്) കുവൈറ്റ് - "കേരളീയം-2017" നവംബർ-10 ന്
കഥാപ്രസംഗം 'അനീസ്യ' - ഡോ. വസന്തകുമാർ സാംബശിവൻ
കല(ആർട്) കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം "കേരളീയം-2017" നവംബർ-10 ആം തിയ്യതി വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ വെച്ച് നടത്തുന്നു. 2016-ലെ കല(ആർട്ട്) കുവൈറ്റ് - സാംബശിവൻ പുരസ്കാരം കരസ്ഥമാക്കിയ ഡോ. വസന്തകുമാർ സാംബശിവൻ ചടങ്ങിൽ മുഖ്യാഥിതി ആയിരിക്കും. ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന 'അനീസ്യ' എന്ന കഥാപ്രസംഗവും, സാംസ്കാരിക സമ്മേളനവും, സാംബശിവൻ പുരസ്കാര സമർപ്പണവും, വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായുണ്ടായിരിക്കും.
കഥാപ്രസംഗരംഗത്തെ അതികായൻ പ്രൊഫ: വി. സാംബശിവന്റെ സ്മരണക്കായി 'കല(ആർട്ട്) കുവൈറ്റ്', കലാ-സാഹിത്യ സാംസ്കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വങ്ങൾക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
കഥാപ്രസംഗ കലയുടെ ഉന്നമനത്തിനായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി ഡോ. വസന്തകുമാർ സാംബശിവൻ നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന്ന് അർഹനാക്കിയത്. കലയുടെ ഋതുഭേദങ്ങൾക്ക് കനകകാന്തി പകർന്ന അനശ്വര കലാകാരനും കഥാപ്രസംഗത്തിലെ ഇതിഹാസവുമായ പ്രൊഫ: വി. സാംബശിവന്റെ പാത പിന്തുടര്ന്നെത്തിയ മകന് ഡോ. വസന്തകുമാര്‍ കഥാപ്രസംഗ വേദിയില്‍ ഇരുപത്തിരണ്ടു വർഷങ്ങൾ പിന്നിടുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗൾഫിലുമായി കഥപറഞ്ഞത് നാലായിരത്തോളം വേദികളില്‍. ഇരുപത്തെട്ടോളം വ്യത്യസ്ത കഥകൾ അദ്ദേഹം പറഞ്ഞു.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കല(ആര്‍ട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്സ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ ജനറൽ കൺവീനർ ശിവകുമാർ എന്നിവർ അറിയിച്ചു.